Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

മുത്തച്ഛന്‍ മരത്തിന്റെ കഥ

2 comments







     ഒരു ദിവസം കുറെ കുട്ടികള്‍ ആ മുത്തച്ഛന്‍ മരത്തിന്റെ ചുവട്ടില്‍ ഓടിക്കളിക്കുകയായിരുന്നു. അപ്പോള്‍ തൊണ്ണൂറുവയസ്സുതോന്നുന്ന ഒരു വൃദ്ധന്‍ വടിയുംകുത്തി അവിടെത്തി. എന്നിട്ട് പറഞ്ഞു, “കുട്ടികളെ, നിങ്ങള്‍ക്ക് അറിയാമോ ഈ മരത്തിന്റെ കഥ?”. അപ്പോള്‍ കുട്ടികള്‍, “ഇല്ല മുത്തച്ഛാ... ആ കഥ ഒന്നു പറയാമോ?” അപ്പോള്‍ മുത്തച്ഛന്‍ പറഞ്ഞു, എന്നാല്‍ കേട്ടോളൂ,

      പന്ത്രണ്ടുവര്‍ഷം മുമ്പു കുറെ മരംവെട്ടുകാര്‍ വന്നു, ഈ മരം വെട്ടാന്‍. അന്ന് അവര്‍ വെട്ടാന്‍ കയ്യോങ്ങിയതും ഞാന്‍ അവിടെ എത്തി. എന്നിട്ട് പറഞ്ഞു, “ദയവുചെയ്തു ഈ മരം വെട്ടരുത്. ഈ മരം ഈ നാടിന്റെ ഹൃദയമാണ്. ഇത് വെട്ടിയാല്‍ ഈ നാടിന്റെ മനസ്സാകെ നശിക്കും.” 

    ഇതുകേട്ട അവര്‍ പറഞ്ഞു, “അതുപറയാന്‍ നിങ്ങളാരാ? ഞങ്ങള്‍ സര്‍ക്കാര്‍ പറഞ്ഞിട്ടു വന്നതാ; റോഡിന്റെ വികസനത്തിന് വേണ്ടി. ഞങ്ങള്‍ എന്തായാലും ഈ മരം മുറിക്കും.” 

    അന്ന് ഞാന്‍ പറഞ്ഞു, “അങ്ങനെ പറയരുതു മകനേ, നിങ്ങള്‍ക്ക് അറിയില്ല ഈ മരത്തിന്റെ മാഹാത്മ്യം. ഞങ്ങളുടെ ബാല്യകാലത്ത് ഇത് നല്ലൊരു മരമായിരുന്നു. അന്നൊക്കെ പള്ളിക്കൂടത്തീന്നു വന്നാല്‍ ഈ മരത്തിന്റെ ചുവട്ടില്‍ ഞങ്ങള്‍ ഒത്തുകൂടും. രാമാ, സുശീലാ എന്നൊക്കെ വിളിച്ച് പലകളികള്‍ കളിക്കും. കളിതമാശകള്‍ പറഞ്ഞു രസിക്കും. വയലിലൂടെ ഓടി രസിക്കും. ഈ മരം ഇടയ്ക്കു ഫലങ്ങളും തരും. ദിവസവും വൈകുന്നേരം വരെ ഞങ്ങളുടെ താവളം ഇതായിരുന്നു. വഴിയാത്രക്കാര്‍ക്ക് ഇത് തണല്‍ തരുന്നു; അന്നും ഇന്നും എന്നും. ഇനി പറയൂ, ജനങ്ങള്‍ക്ക് ഇത്രയേറെ ഉപകാരപ്രദമായ ഈ മരം ഇനി നിങ്ങള്‍ക്ക് വെട്ടണോ?

      അന്ന് മരംവെട്ടുകാരുടെ തലവന്‍ പറഞ്ഞു, “പക്ഷേ, പുതിയ തലമുറയ്ക്ക് വളരെ ഉപയോഗം ഭവിക്കുന്ന റോഡ് പദ്ധതി നടപ്പാക്കിയേ പറ്റൂ. പിന്നെങ്ങനാ?...”

അപ്പോള്‍ ഞാന്‍ പറഞ്ഞു, “ഞാന്‍ ഇത്രയും പറഞ്ഞതില്‍ നിങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ലെന്ന് തോന്നുന്നു. ഈ മരത്തിനെ കുറച്ചു കാലം കൂടി ജീവിക്കാന്‍ അനുവദിച്ചാല്‍ അത്രയും നാള് കൂടി ഇതിന് ലോകത്തെ സഹായിക്കാന്‍ പറ്റും. അത്രയും പുണ്യം കൂടി ഈ മരത്തിന് കിട്ടട്ടെ. നോക്കൂ, നൂറ്റിചില്വാനം വയസായി ഈ മരത്തിന്. കുറച്ചു കൂടി ഇത് ജീവിച്ചാല്‍ നമുക്ക്‌ ഇതില്‍നിന്നും ഒരുപാട് ഗുണം ഭവിക്കും. ഇതു നിങ്ങളെ പറഞ്ഞു വിട്ടവരോട് പോയി പറഞ്ഞു നോക്കൂ, അവര്‍ ഇതിനെ അനുകൂലിക്കും എന്നുറപ്പുണ്ട്.”

      ഇത്രയുമായപ്പോഴേക്കും എല്ലാവരുടെയും മനസ്സ് നിറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു, “ഞങ്ങള്‍ ഇങ്ങനെയൊന്നും ചിന്തിച്ചില്ല. ഞങ്ങളോടു ക്ഷമിക്കൂ. ഇനി ഈ മരത്തിനുനേരെ കയ്യോങ്ങാന്‍ പോലും ഞങ്ങള്‍ക്ക് ധൈര്യം വരില്ല. ഞങ്ങള്‍ പോകട്ടെ?”

      വൃദ്ധന്‍ ഇത്രയും പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും കുട്ടികളുടെ ഉള്ളില്‍ ഒരു താളായി ആ കഥ കുറിക്കപ്പെടുകയായിരുന്നു. അവര്‍ സന്തോഷത്തോടെ മരത്തിനെ കെട്ടിപ്പിടിച്ചു വലംവച്ചു.

ഒരു ദ്വീപ്‌ ജനിക്കുന്നു.....

4 comments





         1927ലെ കാറ്റുള്ള ഒരു പ്രഭാതം. അലക്സ് സി.എച്ച് ഫെര്‍ണാണ്ടസ് എന്ന മിടുക്കനായ നാവികന്‍ തന്‍റെ കപ്പല്‍ തായിലണ്ടില്‍നിന്നും പസിഫിക് സമുദ്രത്തിലൂടെ ചിലിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. കൂടെയുള്ളത് അദ്ദേഹത്തിന്റെ പത്തുമുപ്പത് സഹായികള്‍. ഓളങ്ങള്‍ അലയടിക്കുന്ന ശബ്ദം മാത്രം. കപ്പല്‍ ഉലച്ചിലൊന്നുമില്ലാതെ സഞ്ചരിക്കുന്നു. അപ്പോള്‍ അതാ അവിടെ, ദൂരെ, ഒരു പച്ചപ്പ്. അലക്സ് ബൈനോക്കുലര്‍ എടുത്തു നോക്കി.

      അതെ, അതൊരു ദ്വീപാണ്. പലവിധ മരങ്ങള്‍ കാണുന്ന ഒരു കൊച്ചുദ്വീപ്. അലക്സ് മാപ്പ് എടുത്തു നോക്കി. ഇല്ല, അതില്‍ അങ്ങനെയൊരു ദ്വീപ് രേഖപ്പെടുത്തിയിട്ടില്ല. അദ്ദേഹം കപ്പല്‍ അങ്ങോട്ടടുപ്പിച്ചു. അവിടെ ജനവാസമില്ല എന്നു കണ്ടുപിടിച്ച അവര്‍ കപ്പല്‍ നങ്കൂരമിട്ട് അവിടെ താമസമാക്കി. 

      അവര്‍ അവിടെ നിന്ന് പുതിയ വിവരങ്ങള്‍ ശേഖരിച്ചു – അവിടെ വളരുന്ന ചെടികള്‍, മരങ്ങള്‍, വരുന്ന പക്ഷികള്‍ തുടങ്ങിയവ. പകലും രാത്രിയും അവര്‍ ഗവേഷണം നടത്തി. അവര്‍ അവിടെ 1 മാസം താമസിച്ചു. അവര്‍ക്ക് പോകാന്‍ സമയമായതിനാല്‍ ആ ദ്വീപിന് അലക്സാണ്ട്ര വി 5 എന്നു പേരിട്ട് അവിടെനിന്നു പോയി. ചിലിയില്‍ എത്തിയ അവര്‍ ശേഖരിച്ച വിവരങ്ങളും തങ്ങളുടെ കാഴ്ചപ്പാടും അവിടത്തെ മേലുദ്യോഗസ്ഥരെ അറിയിച്ചു. ആ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഒരുപറ്റം ശാസ്ത്രജ്ഞരെക്കൂട്ടി അവര്‍ അലക്സാണ്ട്രയിലേക്ക് പോയി. വഴി കണ്ടുപിടിക്കാന്‍ വടക്കുനോക്കിയന്ത്രം ഉണ്ടായിട്ടും കുറച്ചു ബുദ്ധിമുട്ടി. ആ ദ്വീപിനെക്കുറിച്ച് കൂടുതല്‍ പഠിച്ചെടുത്ത അവര്‍ ദ്വീപിന്റെ വിവരങ്ങള്‍ ലോകത്തെ അറിയിച്ചു. അങ്ങനെ പതിയെ കുറച്ചു കൂട്ടര്‍ അവിടെ താമസമാക്കിത്തുടങ്ങി, പിന്നെ അതുവഴി വന്ന കപ്പല്‍ യാത്രികരുടെ തമ്പടി കേന്ദ്രവുമായി. പതിയെ അലക്സാണ്ട്ര വി 5 തരക്കേടില്ലാത്ത ജനവാസമുള്ള ഒരു ദ്വീപായി.

മീക്കു എലിയും ചിണ്ടന്‍ പൂച്ചയും

1 comments

ഒരു ദിവസം മീക്കു എന്ന എലി  അടുക്കളയിലൂടെ  നടക്കുകയായിരുന്നു.
പെട്ടെന്ന് അവിചാരിതമായി ചിണ്ടന്‍ പൂച്ച അവനു നേരെ ചാടിവീണു.
മീക്കു പേടിച്ചുപോയി.
“എങ്ങനെ രക്ഷപെടണം” - അവന്‍ ആലോചിച്ചു.
പെട്ടെന്ന് അവനൊരു ബുദ്ധി തോന്നി.
അവന്‍ പറഞ്ഞു , “ചേട്ടാ,ഞാന്‍ വരുന്നവഴി വേറൊരു പൂച്ചയെ കണ്ടു.
അവന്റെ കയ്യില്‍ നിന്നും കുതറിയാണ് ഞാന്‍ ഇങ്ങോട്ട് രക്ഷപെട്ടുവന്നത്. ചേട്ടനെക്കാളും അത്രയ്ക്ക് ഭയങ്കരനാണ് അവന്‍”
ചിണ്ടന്‍ ചോദിച്ചു , “എന്നിട്ടിപ്പോള്‍ അവനെവിടെയുണ്ട്?”
“ഞാന്‍ വരുന്നവഴിക്ക് കണ്ട ഒരു നൂറു യോജന ആഴമുള്ള ഒരു കുഴിയില്‍ കിടപ്പുണ്ട്.  പറ്റുമെങ്കില്‍ അങ്ങ് പോയി അവനെ തോല്പ്പിച്ചിട്ടു വാ.  ഞാനും കൂടെ വരാം.” മീക്കു ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
മരമണ്ടനായ ചിണ്ടന്‍ അത് വിശ്വസിച്ചു.
അവര്‍ രണ്ടും കുഴിയരികിലെത്തി.
ചിണ്ടന്‍ അലറി, “എറങ്ങിവാടാ കള്ളപ്പൂച്ചേ....”
അപ്പോള്‍ അതാ വരുന്നു മറുപടി , “എറങ്ങിവാടാ കള്ളപ്പൂച്ചേ....”
അത് കുഴിയുടെ വക്കുകളില്‍ തട്ടി വരുന്ന ചിണ്ടന്റെ ശബ്ദം തന്നെയാണെന്ന് മരമണ്ടനായ ചിണ്ടന് അറിയില്ലായിരുന്നു.
അവന്‍ അലറി, “ങാഹാ, ഇപ്പം കാണിച്ചുതരാം.”
പറഞ്ഞിട്ട് അവന്‍ കിണറ്റിലേക്ക് എടുത്തുചാടി.
“ധും !!”
അങ്ങനെ മീക്കു എന്ന എലി  ബുദ്ധിയിലൂടെ രക്ഷപെട്ടു.


                   **********************************